ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് തോൽവി വഴങ്ങേണ്ടി വന്നെങ്കിലും, മത്സരശേഷം ഏറ്റവും കൂടുതൽ ചർച്ചയായത് മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനമായിരുന്നു. ബാറ്റ് കൊണ്ടും വിക്കറ്റ് കീപ്പിങ്ങ് കൊണ്ടും വീണ്ടും ശ്രദ്ധ നേടിയ സഞ്ജു, ഒരുവശത്ത് എം.എസ്. ധോണിയുടെ റെക്കോർഡ് മറികടന്നപ്പോൾ മറ്റൊരുവശത്ത് ഹെയ്ൻറിച് ക്ലാസനുമായി ഉണ്ടായ വാക്കേറ്റവും സോഷ്യൽ മീഡിയയിൽ വൈറലായി.
ചെപ്പോക്കിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് അഞ്ച് വിക്കറ്റിന് വിജയിച്ച് പ്ലേ ഓഫ് പ്രതീക്ഷ ശക്തമാക്കി. എന്നാൽ തോൽവിയിലും സഞ്ജുവിന്റെ തീപ്പൊരി പ്രകടനം ചെന്നൈ ആരാധകർക്ക് ആശ്വാസമായി.

ഓപ്പണിംഗിന് എത്തിയ സഞ്ജു തുടക്കത്തിൽ തന്നെ ആക്രമണ മനോഭാവം പുറത്തെടുത്തു. വെറും 13 പന്തിൽ 27 റൺസ് നേടിയ താരം അഞ്ച് ഫോറും ഒരു സിക്സറും പറത്തി. 207-ലേറെ സ്‌ട്രൈക്ക് റേറ്റിലായിരുന്നു ബാറ്റിങ്. വലിയ ഇന്നിങ്സ് കളിക്കാനായില്ലെങ്കിലും ടീം വേഗത്തിൽ സ്കോർ ഉയർത്തുന്നതിൽ സഞ്ജുവിന്റെ സംഭാവന നിർണായകമായി.
ഈ ഇന്നിങ്സോടെ സഞ്ജു സാംസൺ ഈ സീസണിൽ സ്വന്തമാക്കിയ റൺസ് 477 ആയി. അതോടെ ചെന്നൈ സൂപ്പർ കിങ്സിനായി ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് താരം സ്വന്തമാക്കി. 2013 സീസണിൽ എം.എസ്. ധോണി നേടിയ 461 റൺസാണ് ഇതോടെ പഴങ്കഥയായത്. 13 വർഷമായി നിലനിന്നിരുന്ന റെക്കോർഡാണ് മലയാളി താരം തകർത്തെറിഞ്ഞത്.
എന്നാൽ മത്സരത്തിന്റെ ഏറ്റവും ആവേശകരമായ നിമിഷം നടന്നത് ഹൈദരാബാദ് ബാറ്റിങ്ങിനിടെയായിരുന്നു. നൂർ അഹമ്മദിന്റെ പന്തിൽ ഹെയ്ൻറിച് ക്ലാസനെ സഞ്ജു മിന്നൽ വേഗത്തിൽ സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. റീപ്ലേയിൽ മാത്രമാണ് താരം ഔട്ടാണെന്ന് വ്യക്തമായത്. ധോണിയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ആ സ്റ്റംപിങ് നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വേഗത്തിൽ വൈറലായി.
Henrich Klassen abused Sanju Samson after stumping him ?🤬🤬
— Indian Cricket (@IPL2025Auction) May 18, 2026
What's your views on this?? #CSKvsSRH pic.twitter.com/pWrTTkxdny
ക്ലാസൻ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു പുറത്താകൽ. ഇതാണ് ദക്ഷിണാഫ്രിക്കൻ താരത്തെ പ്രകോപിപ്പിച്ചത്. ഔട്ട് സ്ഥിരീകരിച്ചതിന് പിന്നാലെ ക്ലാസൻ സഞ്ജുവിനരികിലെത്തി എന്തോ പറഞ്ഞതോടെ ഇരുവരും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി. അതുവരെ ചിരിച്ചുനിന്ന സഞ്ജുവും പ്രതികരിച്ച് മുന്നോട്ട് എത്തിയതോടെ സഹതാരങ്ങൾ ഇടപെട്ട് ഇരുവരെയും മാറ്റി.
ശിവം ദുബെയടക്കമുള്ള താരങ്ങളാണ് സാഹചര്യം ശാന്തമാക്കിയത്. പിന്നാലെ സഞ്ജു ഫീൽഡ് അംപയറോട് പരാതി അറിയിക്കുകയും ചെയ്തു. സംഭവത്തിൽ മാച്ച് റഫറിയുടെ ശ്രദ്ധ എത്തിയതായും റിപ്പോർട്ടുകളുണ്ട്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റിന് 180 റൺസെടുത്തു. ഡെവാൾഡ് ബ്രെവിസ് 44 റൺസുമായി ടോപ് സ്‌കോററായപ്പോൾ കാർത്തിക് ശർമ 32 റൺസും ശിവം ദുബെ 26 റൺസും നേടി.
മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് 19 ഓവറിൽ ലക്ഷ്യം മറികടന്നു. 47 പന്തിൽ 70 റൺസ് നേടിയ ഇഷാൻ കിഷൻ ടീമിന്റെ വിജയശിൽപിയായി. ക്ലാസൻ 47 റൺസുമായി മികച്ച പിന്തുണ നൽകിയെങ്കിലും സഞ്ജുവിന്റെ സ്റ്റംപിങിൽ പുറത്തായത് മത്സരത്തിലെ ടേണിംഗ് പോയിന്റായി മാറി.
തോൽവിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വളരെ കുറയുകയും ഹൈദരാബാദ് ശക്തമായ നിലയിലേക്ക് മുന്നേറുകയും ചെയ്തു. എന്നിരുന്നാലും, റെക്കോർഡ് നേട്ടവും തീപ്പൊരി പ്രകടനവും കൊണ്ട് സഞ്ജു സാംസൺ വീണ്ടും ആരാധക ഹൃദയങ്ങൾ കീഴടക്കി.










