തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിലൊരാളാണ്നയൻതാരയും വിഘ്‌നേഷ് ശിവനും. സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്ന ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പതിവായി ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വത്തിക്കാൻ സിറ്റിയിൽ നിന്നുള്ള കുടുംബ ചിത്രങ്ങളുമായി വീണ്ടും ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ഈ താരജോഡി.
ഭർത്താവായ വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികളായ ഉയിർ, ഉലകം എന്നിവർക്കുമൊപ്പമുള്ള മനോഹര നിമിഷങ്ങളാണ് നയൻതാര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. വത്തിക്കാനിലെ ചരിത്രപ്രസിദ്ധമായ തെരുവുകളിലൂടെ കൈകോർത്തു നടക്കുന്ന ചിത്രങ്ങളും കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് സ്‌നേഹിക്കുന്ന നിമിഷങ്ങളുമെല്ലാം ആരാധകർ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു.
“ഞങ്ങളുടെ പ്രിയപ്പെട്ട നഗരമായ വത്തിക്കാൻ സിറ്റിയിൽ നിന്ന്… ശുദ്ധമായ സ്നേഹത്താലും ദിവ്യാനുഗ്രഹങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു,” എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പമുള്ള നയൻതാരയുടെ കുറിപ്പ്.
സ്റ്റൈലിഷ് ബ്ലാക്ക് വസ്ത്രത്തിൽ അതീവ സുന്ദരിയായി നയൻതാര പ്രത്യക്ഷപ്പെട്ടപ്പോൾ, ലളിതമായ കാഷ്വൽ ലുക്കിലായിരുന്നു വിഘ്നേഷ് ശിവൻ. ഇരുവരുടെയും റൊമാന്റിക് ചിത്രങ്ങൾക്കൊപ്പം കുഞ്ഞുങ്ങളായ ഉയിരിനെയും ഉലകിനെയും ആരാധകർ പ്രത്യേക ശ്രദ്ധയോടെ സ്വീകരിച്ചു.
2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാകുന്നത്. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ 2022 ജൂൺ 9ന് മഹാബലിപുരത്ത് വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹച്ചടങ്ങിൽ ഷാരൂഖ് ഖാൻ, രജനികാന്ത്, എ.ആർ. റഹ്മാൻ, സൂര്യ, വിജയ് സേതുപതി തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖർ പങ്കെടുത്തിരുന്നു.
അതേ വർഷം തന്നെ വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളായ ഉയിർ രുദ്രനീൽ എൻ ശിവനും ഉലക് ദൈവിക് എൻ ശിവനും ജനിച്ചു. കുഞ്ഞുങ്ങളുടെ വിശേഷങ്ങളും കുടുംബ നിമിഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പതിവായി പങ്കുവെക്കാറുണ്ട്.
ഇതിനിടെ, ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്കും തിരികെയെത്തുകയാണ് നയൻതാര. നിവിൻ പോളി നായകനാകുന്ന ‘ഡിയർ സ്റ്റുഡന്റ്സ്’ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. പോലീസ് കഥാപാത്രമായ വിദ്യ രുദ്രനെയാണ് ചിത്രത്തിൽ നയൻതാര അവതരിപ്പിക്കുന്നത്.

























