ഐപിഎൽ 2026 സീസണിൽ വീണ്ടും തന്റെ ക്ലാസ് തെളിയിച്ച് ശുഭ്മന്‍ ഗില്‍. ഗുജറാത്ത് ടൈറ്റന്‍സ് നായകൻ ബാറ്റ് കൊണ്ടും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ മത്സരമായിരുന്നു അഹമ്മദാബാദിൽ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് നെതിരായ പോരാട്ടം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് തുടക്കത്തിൽ തന്നെ ആക്രമണ മോഡിലായിരുന്നു. ക്യാപ്റ്റൻ ഗിൽ 37 പന്തിൽ 64 റൺസ് അടിച്ചെടുത്ത് ടീമിന് വമ്പൻ തുടക്കം നൽകി. മൂന്ന് സിക്‌സറും ഏഴ് ഫോറും ഉൾപ്പെട്ട ഇന്നിങ്സിലൂടെ താരം വീണ്ടും തന്റെ സ്ഥിരത തെളിയിച്ചു.
ഈ അർധസെഞ്ച്വറിയോടെ ഗിൽ മറ്റൊരു വമ്പൻ നേട്ടവും സ്വന്തമാക്കി. ടി20 ക്രിക്കറ്റിൽ 6000 റൺസ് പൂർത്തിയാക്കിയ ഏറ്റവും വേഗമേറിയ ഇന്ത്യൻ താരങ്ങളിൽ ഒരാളായി താരം മാറി. 185 ഇന്നിങ്സുകളിൽ നിന്നാണ് ഗിൽ ഈ നേട്ടത്തിലെത്തിയത്.
അതോടൊപ്പം ഐപിഎൽ ചരിത്രത്തിലും ഗിൽ പുതിയ റെക്കോഡ് സ്വന്തമാക്കി. തുടർച്ചയായ അഞ്ച് ഇന്നിങ്സുകളിൽ അർധസെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിൽ വിരേന്ദര്‍ സേവാഗ്, ഡേവിഡ് വാര്‍ണര്‍, ജോസ് ബട്‌ലര്‍ എന്നിവർക്കൊപ്പം ഗിലും ഇടം നേടി.
ഗില്ലിനൊപ്പം സായ് സുദര്‍ശന്‍ നടത്തിയ വമ്പൻ കൂട്ടുകെട്ടും മത്സരത്തിലെ ഹൈലൈറ്റായി. ഇരുവരും ചേർന്ന് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ 100 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച ഓപ്പണിംഗ് ജോഡികളിൽ ഒന്നായി മാറി.
ഗില്ലിന് പിന്നാലെ സായി സുധർശനും ജോസ് ബട്‌ലറും ആക്രമണം തുടർന്നതോടെ ഗുജറാത്ത് 230 റൺസെന്ന കൂറ്റൻ സ്കോറിലെത്തി. സായി 84 റൺസും ബട്‌ലർ പുറത്താകാതെ 57 റൺസും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ പന്തിൽ തന്നെ പുറത്തായി. തുടർന്ന് വിക്കറ്റുകൾ നിരന്തരം വീണപ്പോൾ ശിവം ദുബെ മാത്രമാണ് ചെറുത്തുനിന്നത്. 17 പന്തിൽ 47 റൺസ് നേടിയ ദുബെ മത്സരത്തിലേക്ക് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഗില്ലിന്റെ അതിമനോഹര ഡൈവിംഗ് ക്യാച്ചിൽ ആ ഇന്നിങ്സ് അവസാനിച്ചു.
WE ARE OUT OF WORDS! 🤯
— IndianPremierLeague (@IPL) May 21, 2026
Shubman Gill with Catch of the Season contender 🫡
Updates ▶️ https://t.co/p5TP9NLREX #TATAIPL | #KhelBindaas | #GTvCSK | @ShubmanGill pic.twitter.com/iuwx06Ln6B
ആ ക്യാച്ചിന് പിന്നാലെ ഗിൽ ഗാലറിയിലുണ്ടായിരുന്ന ചെന്നൈ ആരാധകർക്ക് നേരെ ‘നിശ്ശബ്ദരാകൂ’ എന്ന ആംഗ്യം കാണിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നീട് മത്സരശേഷം ഇൻസ്റ്റഗ്രാമിലും താരം ട്രോൾ പോസ്റ്റുമായി എത്തി.
“രണ്ടാം തവണയും നന്ദി… മഞ്ഞ വെളിച്ചത്തിനൊടുവിൽ നീല വെളിച്ചം,” എന്ന കുറിപ്പോടെയാണ് ഗിൽ പോസ്റ്റ് പങ്കുവെച്ചത്. ഗില്ലും മുഹമ്മദ് സിറാജ് ജോസ് ബട്‌ലര്‍ ഉം ആരാധകരോട് നിശ്ശബ്ദരാകാൻ പറയുന്ന ചിത്രവും ഇതിനൊപ്പം ഉണ്ടായിരുന്നു.
മത്സരത്തിൽ ചെന്നൈ 140 റൺസിന് ഓൾഔട്ടായതോടെ ഗുജറാത്ത് വമ്പൻ ജയം സ്വന്തമാക്കി. ഈ വിജയത്തോടെ ഗുജറാത്ത് വീണ്ടും കിരീടസാധ്യതകൾ ശക്തമാക്കിയപ്പോൾ, ഗില്ലിന്റെ പ്രകടനവും പോസ്റ്റുകളും ആരാധകർക്ക് വലിയ ചർച്ചാവിഷയമായി മാറി.













