കോഴിക്കോട് ബീച്ചിൽ നടന്ന ‘അതിരടി’ സിനിമാ പ്രൊമോഷൻ ഫെസ്റ്റിനിടെ ഉണ്ടായ വിവാദ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി അവതാരക രഞ്ജിനി ഹരിദാസ്. നടൻമാരായ ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവർ പങ്കെടുത്ത പരിപാടിക്കിടെ നിരവധി കുട്ടികൾ കാണാതായതും തുടർന്ന് സ്റ്റേജിൽ നിന്നുള്ള അനൗൺസ്മെന്റിനിടെ ചിലർ നടത്തിയ പരിഹാസവുമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്.
വൈറലായ വീഡിയോയ്ക്ക് പിന്നാലെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ച രഞ്ജിനി, അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദമായി പറഞ്ഞു. പരിപാടിക്കെത്തിയത് ഒരു ലക്ഷത്തിലധികം ആളുകളാണെന്നും അത്രയും വലിയ തിരക്കിൽ നിയന്ത്രണം കൈകാര്യം ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.

6.30-നായിരുന്നു പരിപാടി ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ കനത്ത ട്രാഫിക് ബ്ലോക്കിനെ തുടർന്ന് രഞ്ജിനിക്ക് സമയത്ത് വേദിയിലെത്താൻ കഴിഞ്ഞില്ല. ഹോട്ടലിൽ നിന്ന് വെറും 15 മിനിറ്റ് ദൂരമുണ്ടായിരുന്നെങ്കിലും, വാഹനങ്ങൾക്ക് മുന്നോട്ട് പോകാനാകാത്ത അവസ്ഥയായിരുന്നു. ഒടുവിൽ സ്റ്റേജിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയിറങ്ങി നടന്നാണ് അവർ വേദിയിലെത്തിയത്.
സ്റ്റേജിലെത്തിയ ഉടൻ തന്നെ ആളുകൾ ആവശ്യപ്പെട്ടത് വെള്ളമാണെന്ന് രഞ്ജിനി പറയുന്നു. തിരക്ക് കാരണം സംഘാടകർക്കും ആവശ്യത്തിന് വെള്ളം എത്തിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് അവർ തന്നെ ബാക്ക് സ്റ്റേജിൽ പോയി വെള്ളക്കുപ്പികൾ കൊണ്ടുവന്ന് ജനക്കൂട്ടത്തിലേക്ക് കൈമാറിയതായും പറഞ്ഞു.
പരിപാടി ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കാണാതായെന്ന അറിയിപ്പുകൾ തുടർച്ചയായി ലഭിക്കാൻ തുടങ്ങിയത്. ഒരോ കുട്ടിയുടെ പേരും സ്റ്റേജിൽ നിന്ന് വിളിച്ചു പറയുന്നതിനിടെ ചില യുവാക്കൾ തമാശയും പരിഹാസവുമാക്കി സാഹചര്യം വഷളാക്കുകയായിരുന്നുവെന്ന് രഞ്ജിനി പറഞ്ഞു.
“ഒരു കുട്ടി അവിടെ ഉണ്ടെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു പറഞ്ഞു. പക്ഷേ യഥാർത്ഥത്തിൽ ആ കുട്ടി അവിടെ ഉണ്ടായിരുന്നില്ല. അറ്റൻഷൻ നേടാനായി ചെയ്ത കാര്യമായിരുന്നു അത്. അയാളുടെ സുഹൃത്ത് ദുപ്പട്ട പോലൊരു വസ്ത്രം ധരിച്ച് പെൺകുട്ടിയെപ്പോലെ നിൽക്കുകയായിരുന്നു. വളരെ ഗൗരവമുള്ള സാഹചര്യത്തെ തമാശയാക്കുന്നതാണ് എനിക്ക് ദേഷ്യം വരാൻ കാരണം,” എന്നാണ് രഞ്ജിനി പറഞ്ഞത്.
അതേ സംഭവം പിന്നീട് വീണ്ടും ആവർത്തിക്കപ്പെട്ടപ്പോൾ നടൻ ടൊവിനോ തോമസിനും ദേഷ്യം വന്നതായും അവർ വെളിപ്പെടുത്തി. എന്നാൽ കൂടുതൽ പക്വതയോടെ ടൊവിനോ സാഹചര്യം കൈകാര്യം ചെയ്തുവെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
കുട്ടികളെ കണ്ടെത്താൻ സ്റ്റേജ് ഷോ വരെ താത്കാലികമായി നിർത്തിവെച്ചിരുന്നുവെന്നും, ഒടുവിൽ കാണാതായ എല്ലാ കുട്ടികളെയും കണ്ടെത്താനായെന്നും രഞ്ജിനി വ്യക്തമാക്കി. എന്നാൽ ഇത്തരത്തിലുള്ള വലിയ ആൾക്കൂട്ടങ്ങളിലേക്ക് ചെറിയ കുട്ടികളെ കൊണ്ടുവരുന്ന രക്ഷിതാക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും അവർ ചോദ്യം ഉയർത്തി.
“അഞ്ചും ആറും വയസ്സുള്ള കുട്ടികൾ എങ്ങനെയാണ് ഇത്തരത്തിൽ കാണാതാകുന്നത്? അത്രയും ഉത്തരവാദിത്തമില്ലാത്ത രക്ഷിതാക്കളാണോ നമ്മൾ? വലിയ തിരക്കുള്ള ഇടങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുമ്പോൾ കൂടുതൽ ശ്രദ്ധ വേണം,” എന്നാണ് രഞ്ജിനിയുടെ വാക്കുകൾ.
വലിയ പരിപാടികളിൽ പങ്കെടുക്കുമ്പോൾ സ്വന്തം കൈയിൽ വെള്ളം കരുതണമെന്നും, തിരക്കിനിടയിൽ പുറത്തേക്കിറങ്ങുക പോലും ബുദ്ധിമുട്ടാകുന്ന സാഹചര്യം ഉണ്ടാകാമെന്നും അവർ മുന്നറിയിപ്പ് നൽകി. നിരവധി ആളുകൾ പരിപാടിക്കിടെ തളർന്നു വീണതായും രഞ്ജിനി പറഞ്ഞു.












